കേരളത്തിൽ ആയിരം ഫാർമസികളെ പൂട്ടിച്ചതിന് അമോയ് മറുപടി പറയണം: വൈദ്യ മഹാസഭ

കേരളത്തിൽ ആയിരം ഫാർമസികളെ പൂട്ടിച്ചതിന് അമോയ് മറുപടി പറയണം: വൈദ്യ മഹാസഭ

തിരുവനന്തപുരം: കേരളത്തിലെ ആയിരത്തിലേറെ ആയൂര്‍വേദ ഫാര്‍മസികളെ പൂട്ടിച്ചതിന്‍റെ ഉത്തരവാദി അമോയ് എന്നു ചുരുക്കപേരില്‍ അറിയപ്പെടുന്ന ആയൂര്‍വേദിക് മെഡിസിന്‍ മാനുഫാക്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ ആണെന്നും സ്വന്തം സംഘടനയില്‍പെട്ട സ്ഥാപനങ്ങളെ പൂട്ടിച്ചതിന്‍റെ കാരണം എന്താണെന്ന് സംഘടനയുടെ നേതാക്കള്‍ വ്യക്തമാക്കണമെന്നും വൈദ്യമഹാസഭ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഘടനക്കു നേതൃത്വം നല്‍കുന്ന നേതാക്കള്‍തന്നെ സംഘടനയിലെ അംഗങ്ങളുടെ സ്ഥാപനങ്ങളെ പൂട്ടിച്ചുകൊണ്ടിരിക്കുന്ന ദുര്‍ഗതി കേരളത്തില്‍ ആയൂര്‍വേദ മരുന്നു നിര്‍മ്മാതാക്കള്‍ക്കിടയില്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ.

 

നിലവില്‍ 650 ഓളം ആയൂര്‍വേദ ഫാര്‍മസികളാണ് കേരളത്തില്‍ രജിസ്ട്രേഷന്‍ ലിസ്റ്റിലുള്ളത്.

ഡ്രഗ്സ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ സ്ഥാനം നല്‍കാന്‍ എല്‍ .ഡി .എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആസമയം മരുന്നുണ്ടാക്കുന്ന വിഷയം പഠിപ്പിക്കുന്ന വിഷയത്തില്‍ പി.ജി ഉള്ളയാള്‍ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ സ്ഥാനം വഹിക്കണമെന്ന അര നൂറ്റാണ്ടു കാലത്തെ നിലപാട് ആയൂര്‍വേദ കോളജ് അധ്യാപക സംഘടനയും മരുന്നു നിര്‍മ്മാതാക്കളുടെ സംഘടനയായ അമോയിയും ഉപേക്ഷിച്ചു.സകല സംഘടനകളുടേയും പിന്തുണയോടെ ബി.എ.എം.എസ് എന്ന ഡിഗ്രി മാത്രമുള്ളവരെ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ പദവിയിലെത്തിച്ചു. അങ്ങനെ ഡോ. ജയ.ഡി. ദേവ് കേരളത്തിന്‍റെ ആയൂര്‍വേദ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളറായി. അടുത്ത 18 വര്‍ഷം ഡോ. ജയ.ഡി. ദേവ് ഈ സ്ഥാനം വഹിക്കും.

 

ദുര്‍ബലരെ ഡ്രഗ്സ് കണ്‍ട്രോളറാക്കി ബാക്കി ആയൂര്‍വേദ ഫാര്‍മസികളെ പൂട്ടിക്കുന്ന തന്ത്രം വിജയകരമായി നടപ്പാക്കി വരുന്ന സംഘടനയാണ് അമോയ്. ഈ തന്ത്രം ഒരുക്കിയാണ് ദുര്‍ബലയായ ഡോ. വിമലയെ ആയൂര്‍വേദ കോളജില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ പദവിയിലെത്തിച്ച്‌ സ്വന്തം നിലപാടുകള്‍ വകുപ്പില്‍ നടപ്പാക്കിയത്.

കേരളത്തിലെ പ്രാക്ടീസുള്ള 600 ലേറെ പാരമ്ബര്യ വൈദ്യന്‍മാരുടെ ഫാര്‍മസികള്‍ പൂട്ടിച്ചശേഷം അത്തരം വൈദ്യന്‍മാരെക്കൊണ്ട് വന്‍കിട ഫാര്‍മസികളുടെ ഏജന്‍സി എടുപ്പിച്ച്‌ മരുന്നു വില്‍പ്പിക്കുന്നതില്‍ അമോയി വിജയിച്ചു. ഫാര്‍മസി പൂട്ടിയപ്പോള്‍ ആയൂര്‍വേദ ഡോക്ടര്‍മാരും വന്‍കിട ഫാര്‍മസികളുടെ ഏജന്‍സി എടുക്കാന്‍ നിര്‍ബന്ധിതരായി. വന്‍കിട കമ്ബനികളുടെ മരുന്നു വാങ്ങി രോഗികള്‍ക്കു കൊടുത്തു തുടങ്ങിയതോടെ ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഉണ്ടായിരുന്ന പ്രാക്ടീസും നഷ്ടമായെന്നത് വേറൊരു കാര്യമാണ്.

എല്ലാ മരുന്നുകൂട്ടുകളും ചേര്‍ത്ത് വൈദ്യന്‍മാര്‍ മികച്ച മരുന്നുകളാണ് ഉണ്ടാക്കിവിറ്റിരുന്നത്. വന്‍കിട ഫാര്‍മസികള്‍ പല മരുന്നിനങ്ങളും കിട്ടാതെ വന്നപ്പോള്‍ കിട്ടുന്ന പച്ചിലയും വേരും ഉപയോഗിച്ച്‌ മരുന്നുണ്ടാക്കാന്‍ സ്റ്റാന്‍ഡഡൈസേഷന്‍ നടപ്പാക്കി. ഇതോടെ വൈദ്യന്‍മാര്‍ ഉണ്ടാക്കുന്ന മരുന്ന് മികച്ചതെന്നും ഫാര്‍മസി ഉണ്ടാക്കുന്നത് മോശം മരുന്നെന്നും പേര് ദോഷം വന്നു. ജി.എം.പി എന്ന ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് ചെറുകിടക്കാര്‍ക്കുകൂടി ഏര്‍പ്പെടുത്തി ഫാര്‍മസി പൂട്ടിച്ചത് ഇതിന്‍റെ പേരിലാണ്.

 

സ്വന്തം അറിവ് ഉപയോഗിച്ചാണ് വൈദ്യന്‍മാര്‍ സ്വന്തം ഫാര്‍മസിയില്‍ മരുന്നുണ്ടാക്കുന്നത്. ഈ സ്ഥാപനത്തിലേക്ക് മാസം പതിനായിരവും ഇരുപതിനായിരവും രൂപ ശമ്ബളം കൊടുത്ത് ആയൂര്‍വേദ ഡോക്ടറെ നിയമക്കണമെന്നാണ് ജി.എം.പി എന്ന ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് നിയമത്തില്‍ പറയുന്നത്. മാത്രമല്ല ഫാര്‍മസിക്ക് മിനിമം 1250 ചതുരശ്രയടി വിസ്തീര്‍ണമുള്ള അടിച്ചുറപ്പുളള കെട്ടിടം വേണം. കൂടുതല്‍ ഇനം മരുന്നു നിര്‍മാണത്തിന് 100 ചതുരശ്രയടി വിസ്തീര്‍ണം ഓരോ ഇനത്തിനും അധികം വേണം. എന്നുവച്ചാല്‍ രണ്ടായിരം അടി ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം ഉണ്ടെങ്കില്‍ എല്ലാ ലൈസന്‍സും അനുവദിക്കാം.

മേല്‍പ്പറഞ്ഞ നിയമങ്ങളെ സ്വന്തം നിലയില്‍ വ്യാഖ്യാനിച്ചാണ് ആയൂര്‍വേദ കോളജില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ആയൂര്‍വേദ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളറായി എത്തിയ ഡോ. വിമല വൈദ്യന്‍മാരുടേയും ആയൂര്‍വേദ ഡോക്ടര്‍മാരുടേയും ഫാര്‍മസികളെ പൂട്ടിച്ചത്. ഫാക്ടറി ടൈപ്പിലെ കെട്ടിടം നിര്‍മ്മിക്കണമെന്നും കുറഞ്ഞത് 50 ലക്ഷം രൂപയുടെ മെഷിനറി സ്ഥാപിക്കാത്തവര്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നും കര്‍ശന നിലപാടാണ് ഡോ. വിമല സ്വീകരിച്ചത്. വൈദ്യന്‍മാര്‍ക്ക് ഉരള്‍, ഉലക്ക എന്നിവ ഉപയോഗിച്ച്‌ പാരന്പര്യ രീതി പ്രകാരം മരുന്നുണ്ടാക്കാന്‍ അനുവദിക്കാമെന്ന ഷെഡ്യൂള്‍ ടി. യിലെ ക്ലോസുകള്‍ അനുവദിക്കാനാകില്ലെന്ന കര്‍ശന നിലപാട് ഡോ. വിമല സ്വീകരിച്ചത് അമോയ് നേതാക്കള്‍ക്കുവേണ്ടിയായിരുന്നു.

ജി.എം.പി നടപ്പാക്കി കേരളത്തിലെ നൂറിലേറെ ആയൂര്‍വേദ ഫാര്‍മസികളില്‍ 25 ലക്ഷം രൂപ മുതല്‍ 50 കോടി രൂപയ്ക്കുവരെ മെഷിനറികള്‍ സ്ഥാപിക്കുകയയുണ്ടായി. മെഷിനറി സ്ഥാപിക്കുന്ന കമ്ബനികളില്‍ നിന്ന് കമ്മിഷന്‍ വാങ്ങിയതു സംബന്ധിച്ച്‌ അമോയ് നേതാക്കളും കമ്ബനികളുമായി നടന്ന കേസ് ഇപ്പോഴും തീര്‍ന്നിട്ടില്ല. വസ്തുതകള്‍ ഇതായിരിക്കേ അമോയിയും ഡോ. രാമനാഥനും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ പറയുന്നത് അവസാനിപ്പിക്കണം.

 

കേരളത്തിലെ ആയൂര്‍വേദ ഔഷധ നിര്‍മാണം പ്രതിസന്ധിയിലാക്കിയത് അമോയിയും അതിന്‍റെ ഭാരവാഹികളും ചേര്‍ന്നാണ്. വ്യാജ മരുന്നുകളുണ്ടാക്കി വിറ്റാല്‍ പണം മുടക്കി ആരും വാങ്ങി കഴിക്കില്ല. ഗുണമില്ലാത്ത മരുന്നുകള്‍ ഉപയോഗിച്ച്‌ മരുന്നുണ്ടാക്കിയശേഷം ആയൂര്‍വേദ സംഹിതകളില്‍ പറയുന്ന മരുന്നുകൂട്ടിന്‍റെ പേര് ലേബലില്‍ പതിപ്പിച്ചശേഷം രോഗികള്‍ക്കു നല്‍കിയാല്‍ കഴിക്കുന്നവന് രോഗം മാറില്ല. പോക്കിറ്റില്‍ ഇരിക്കുന്ന പണം നഷ്ടപ്പെടുക മാത്രമേയുള്ളൂ.

അമോയിയും സംഘടനയിലെ അംഗങ്ങളും തട്ടിപ്പ് അവസാനിപ്പിച്ച്‌ യഥാര്‍ത്ഥ മരുന്നുണ്ടാക്കി വിറ്റാല്‍ മാത്രമേ ആയൂര്‍വേദ വ്യവസായം നിലനില്‍ക്കുകയുള്ളൂ. അലോപ്പൊതി മരുന്നും ഹോര്‍മോണുകളും ചേര്‍ത്ത് ആയൂര്‍വേദ മരുന്നില്‍ കലര്‍ത്തി ഒര്‍ജിനല്‍ ആയൂര്‍വേദ മരുന്ന് എന്നു പറഞ്ഞു വിറ്റാല്‍ ആയൂര്‍വേദ മരുന്നു കമ്ബനികള്‍ ഇനി അധിക കാലം നിലനില്‍ക്കില്ലെന്ന് തിരിച്ചറിവ് ഉണ്ടാകുന്നതു നല്ലതായിരിക്കും. ഈ നില തുടര്‍ന്നാല്‍ കേരളത്തിലെ വ്യാജ ആയൂര്‍വേദ മരുന്നു നിര്‍മ്മാണ കമ്ബനികളെല്ലാം സമീപ ഭാവിയില്‍ അടച്ചുപൂട്ടിപ്പോകേണ്ടിവന്നാല്‍ ആരും അതിശയിക്കേണ്ടതില്ല. കമ്ബനി മരുന്നുകളുടെ വിശ്വാസ്യത കേരളീയരുടെ ഇടയില്‍ വീണ്ടെടുക്കാനും കള്ളക്കച്ചവടം തിരിച്ചു പിടിക്കാനും അത്ര എളുപ്പമാകില്ലെന്ന കാര്യം അമോയ് ഓര്‍മിക്കുന്നതു നല്ലതായിരിക്കും

 

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് അലോപ്പൊതി മരുന്നു കമ്ബനികള്‍ വ്യാജ ആയൂര്‍വേദ മരുന്നുകള്‍ നിര്‍മ്മിച്ചു നല്‍കുകയാണ്. ഇവയുടെ കേരളത്തിലെ മൊത്തകച്ചവടക്കാര്‍ ആയൂര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയായ എ.എം.എ.ഐയുടെ നേതാക്കളാണ്. ഈ വ്യാജ മരുന്നു കച്ചവട ലോബി ആയൂര്‍വേദ മരുന്നിന്‍റെ വിശ്വാസ്യത കേരളത്തില്‍ എന്നേ തകര്‍ത്തു കഴിഞ്ഞു. അമോയിയുടെ വ്യാജ മരുന്നും കൂടിയാകുന്നതോടെ ആയൂര്‍വേദത്തോട് ജനങ്ങള്‍ക്കുള്ള വിശ്വാസ്യത മുഴുവന്‍ നശിച്ചുകഴിഞ്ഞു.

 

കേരളത്തില്‍ ആയൂര്‍വേദ മരുന്നു കച്ചവടം തകര്‍ന്നടിഞ്ഞതിന്‍റെ കാരണങ്ങള്‍ ഇതൊക്കെയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും ഇങ്ങനെ പോയാല്‍ ആയുര്‍വ്വേദം എന്ന ചികിത്സാ സമ്ബ്രദായം തന്നെ അന്യം നിന്നു പോകാനുള്ള സാദ്ധ്യത കൂടി മുന്‍കൂട്ടി കാണണമെന്നും വൈദ്യമഹാസഭ പ്രസ്താവനയില്‍ പറഞ്ഞു.